തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് നിയമപ്രാബല്യം നല്‍കാനാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ.ഇ.ആര്‍) ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.
ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി ജൂലൈയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ഡയറക്‌ട്രേറ്റ്, ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റ്, എന്നിവ ഡയറക്ട്രേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ എന്ന പൊതുസംവിധാനത്തിന് കീഴിലാകും. കൂടാതെ വിവിധ പരീക്ഷ ബോര്‍ഡുകള്‍ ഏകീകരിച്ച് ഡി.ജി.ഇയുടെ കീഴില്‍ കമ്മിഷണര്‍ ഫോര്‍ ഗവണ്മെന്റ് എക്‌സാമിനേഷന്‍ എന്ന സംവിധാനവും നിലവില്‍ വരും.
ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പല്‍ ആകും. ഇത്തരം മാറ്റങ്ങള്‍ സാധൂകരിക്കുന്നതിനാണ് 1958 ലെ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ തിരുമാനമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പിഎസ്.ടി.എ വ്യക്തമാക്കി. കെ.ഇ.ആര്‍ 4, 9, 17, 22, 34 എന്നിവയിലാണ് ഭേദഗതി വരുന്നത്. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ഓര്‍ഡിനന്‍സ് നിയമമാകും.