തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഒടുവില്‍ ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് നാലാം ദിവസമാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സില്‍ നിന്ന് പിന്‍മാറി സര്‍ക്കാര്‍ ബില്ലിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെയും മുഴുവന്‍ മന്ത്രിമാരുടെയും ഒപ്പോടു കൂടി ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവനിലേക്ക് അയച്ചത്.
ഏതായാലും ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം ഇനി നിര്‍ണായകമാണ്. തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചു വയ്ക്കുമോ അതോ രാഷ്‌ട്രപതിക്ക് അയക്കുമോ എന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഉടന്‍ ഒപ്പിടില്ലെന്ന സൂചനകള്‍ ഗവര്‍ണര്‍ നല്‍കിക്കഴിഞ്ഞു.
ഓര്‍ഡിനന്‍സ് രാജ്‌ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ സ്ഥലത്തില്ല. ഇന്ന് തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചി വഴി ഡല്‍ഹിക്കു പോകുന്ന ഗവര്‍ണര്‍ ഈ മാസം 20 നാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക. അതിനിടെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് വൈകിപ്പിക്കുകയോ രാഷ്‌ട്രപതിക്ക് അയക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉടന്‍ നിയമസഭ സമ്മേളനം വിളിച്ച് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ല് കൊണ്ടു വരുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
അടുത്ത ബുധനാഴ്‌ച(നവംബര്‍ 16) നടക്കുന്ന മന്ത്രിസഭ യോഗം ഉടന്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.