തിരുവനന്തപുരം: പി.ടി തോമസ് എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ഇടപ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നു എന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ഇടപാട് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇടപ്പള്ളിയിലെ തർക്കഭൂമി ഇടപാടിനിടെ 40 ലക്ഷം രൂപയുടെ കള്ളപ്പണമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പിടികൂടിയത്. എം.എൽ.എയുടെ സാന്നിധ്യത്തിലാണ് കള്ളപ്പണ ഇടപാട് നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. പി.ടി തോമസിൻ്റെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രാഥമിക പരിശോധനയ്ക്ക് വിജിലൻസ് ഉത്തരവിറങ്ങിയിരിക്കുന്നത്. പി.ടി തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകിയിട്ടുണ്ട്.