തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ സ്‌കൂൾ പഠനത്തിൽ വിവേചനം എന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് നിയമസഭയിൽ അനുമതി നിഷേധിച്ചു. റോജി എം.ജോൺ എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ ഏഴ് ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലെന്ന് വിവിധ ഏജൻസികൾ നടത്തിയ പഠനത്തിൽ വ്യക്തമായെന്ന് പ്രതിപക്ഷം ആരോപിച്ചു. വിദ്യാഭ്യാസം സൗജന്യം എന്ന് പറയുന്ന തത്വം അട്ടിമറിക്കപ്പെട്ടുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് റോജി എം. ജോൺ പറഞ്ഞു.
അതേസമയം എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം നൽകണമെന്ന് തന്നെയാണ് സർക്കാർ നയമെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രാഥമികമായി നടത്തിയ വിവര ശേഖരണത്തിൽ 49000 കുട്ടികൾക്കു മാത്രമാണ് നിലവിൽ ഓൺലൈൻ പഠനത്തിന് അസൗകര്യം ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞ കണക്ക് തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ശാസ്‌ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ ഏഴ് ലക്ഷത്തിലധികം കുട്ടികൾക്കാണ് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്തത്. 40% കുട്ടികൾപോലും ഓൺലൈൻ പഠനത്തിൽ പങ്കെടുക്കുന്നില്ല. കുട്ടികളുടെ പഠന നിലവാരം ഗണ്യമായി കുറഞ്ഞെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്‌പീക്കർ എം.ബി രാജേഷ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തേണ്ടത് കൂട്ടായ പ്രവർത്തനം ആയതിനാൽ വാക്ക് ഔട്ട് ഒഴിവാക്കുന്നതായി പ്രതിപക്ഷനേതാവ് സഭയെ അറിയിച്ചു.
Also Read: സൗജന്യ വാക്‌സിൻ: പ്രമേയം ഇന്ന് നിയമസഭയിൽ