തിരുവനന്തപുരം : നിയമസഭയിൽ ഇന്നലെ ഉണ്ടായ സംഘർഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തുനിന്നും കെ കെ രമ എംഎൽഎ നോട്ടിസ് നൽകി. ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് നേരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും അതിക്രമം നടത്തി എന്നാണ് പ്രതിപക്ഷ ആരോപണം.
ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം പ്രതിപക്ഷം സ്‌പീക്കറെ അറിയിച്ചിട്ടുണ്ട്. നോട്ടിസിന് സ്‌പീക്കർ അനുമതി നൽകുമോ എന്നതിലാണ് ആകാംക്ഷയുള്ളത്. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടിസുകള്‍ തള്ളുന്ന സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് എ എന്‍ ഷംസീറിന്‍റെ ഓഫിസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
വേണ്ടത് സഹകരണം: നാല് പ്രതിപക്ഷ എംഎൽഎമാർക്കും ഏഴ് വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സ്‌പീക്കർ കക്ഷി നേതാക്കളുടെ യോഗം രാവിലെ വിളിച്ചുചേർത്തിരുന്നു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള സഹകരണമാണ് സ്‌പീക്കർ കക്ഷി നേതാക്കളോട് അഭ്യര്‍ഥിച്ചത്. എന്നാൽ പ്രതിപക്ഷം ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചു.
നടപടിയുണ്ടെങ്കിൽ സഹകരിക്കും : ജനാധിപത്യപരമായ സമരത്തിനുനേരെ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നടപടി ഉണ്ടായശേഷം സഭാ നടപടികളുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നും പ്രതിപക്ഷ നേതാവ് യോഗത്തിൽ അറിയിച്ചു. നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് യുഡിഎഫിന്‍റെ പാർലമെന്‍ററി പാർട്ടിയോഗം ചേര്‍ന്നു. ഇന്ന് നിയമ സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് യോഗം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
also read: സ്‌പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഉടൻ ; നിയമസഭ ഇന്നും പ്രക്ഷുബ്‌ധമാകും
പ്രമേയം പ്രതിഷേധമായ വഴി : ഇന്നലെ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് സ്‌പീക്കർ തള്ളിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതേതുടർന്ന് പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് തന്നെ ആക്രമിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചതാണ് സമരം നടത്തിയിരുന്ന പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
തുടർന്ന് പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ സഭ നടപടികൾ പൂർത്തിയാക്കി ചേംബറില്‍ നിന്ന് ഓഫിസിലേയ്‌ക്ക് വരികയായിരുന്ന സ്‌പീക്കർക്ക് ഭരണപക്ഷം സുരക്ഷ ഒരുക്കി. പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലിൽ എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, കെ കെ രമ, ടി വി ഇബ്രാഹിം, എം വിൻസെന്‍റ്, എ കെ എം അഷറഫ് എന്നിവർക്ക് പരിക്കേറ്റതായാണ് പരാതിയുള്ളത്.
യുഡിഎഫ് എംഎൽഎമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിയമസഭയിലേയ്‌ക്ക് ഇന്ന് മാർച്ച് നടത്തും. ഈ സാഹചര്യം സംഘർഷത്തിൽ കലാശിക്കാതിരിക്കാൻ നിയമസഭ മന്ദിരത്തിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.