തിരുവനന്തപുരം: കോട്ടയം മാടപ്പള്ളിയിലെ കെ-റെയിൽ കല്ലിടലിൽ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതിക്കായി സര്‍വേ നടപടിയും കല്ലിടലും സമാധാനപരമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. നരനായാട്ടാണ് നടക്കുന്നത്. ചോരയില്‍ മുക്കി സമരത്തെ നേരിടുന്ന സര്‍ക്കാര്‍ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇതിനെ പ്രതിപക്ഷം ശക്തമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം കെ-റെയിലുമായി ബന്ധപ്പെട്ട് പ്രകോപനമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പദ്ധതിയുടെ നടപടികള്‍ സമാധാനപരമായാണ് നടക്കുന്നത്. വലിയ പ്രതിഷേധങ്ങളില്ല. അതിനാല്‍ പ്രതിപക്ഷം തെറ്റായ പ്രചരണവും ഇടപെടലും നടത്തുകയാണ്.
പൊലീസിനെ ആക്രമിക്കലും സര്‍വേ നടപടിക്കെത്തുന്ന തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയമാണ്. ഇതിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നാടിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്‍ദനത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.