തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരെ പേരെടുത്ത് പറഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന സ്‌പീക്കർ എഎൻ ഷംസീറിൻ്റെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് യുഡിഎഫ് നേതാക്കള്‍. സ്‌പീക്കറെ നേരിൽ കണ്ടാണ് പ്രതിഷേധമറിയിച്ചത്. അടിയന്തര പ്രമേയ നോട്ടിസിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിലും പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍, പിസി വിഷ്‌ണുനാഥ് എന്നിവരാണ് സ്‌പീക്കറുടെ ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചത്. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നടുത്തളത്തിൽ പ്രതിഷേധിച്ചപ്പോഴാണ് എംഎൽഎമാർക്കെതിരെ സ്‌പീക്കർ എഎൻ ഷംസീര്‍ പരാമർശം നടത്തിയത്.
'സ്‌പീക്കറുടേത് നിലവാരമില്ലാത്ത പരാമർശം': ചെയർ മറച്ച് ബാനർ ഉയർത്തിയതോടെയാണ് ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും പ്രതിഷേധിക്കുന്ന പല എംഎൽഎമാരും ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചവരാണെന്നും സ്‌പീക്കര്‍ പറഞ്ഞത്. തുടര്‍ന്ന്, അടുത്ത തവണയും വിജയിക്കേണ്ടതാണ്. ജനം ഇതൊക്കെ കാണുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ അടുത്ത തവണ വിജയിക്കില്ലെന്നും സ്‌പീക്കർ പറഞ്ഞു. ഷാഫി പറമ്പിൽ, റോജി എം ജോൺ, ടിജെ വിനോദ് എന്നിവരുടെ പേര് എടുത്ത് പറഞ്ഞാണ് സ്‌പീക്കറുടെ പരാമർശം. സ്‌പീക്കറുടേത് തെറ്റായതും നിലവാരവുമില്ലാത്തതുമായ പരാമർശമാണെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതികരണം.
അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്‌പീക്കർ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്‌പീക്കർ സ്‌പീക്കറുടെ ജോലി എടുത്താൽ മതിയെന്നും തന്നെ ജയിപ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനം തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. അവനവന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ ആർജവം ഇല്ലാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്‌പീക്കർ തിരിച്ചറിയണം. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടുന്നതനുസരിച്ച് തീരുമാനമെടുക്കുന്ന സ്‌പീക്കർ പരാജയമാണെന്നും ഷാഫി പരിഹസിച്ചു. സമാന്തര സഭയടക്കം നടുത്തളത്തിൽ നടത്തിയ ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
'തുച്ഛമായ ഭൂരിപക്ഷത്തിന് ജയിച്ചവരാണ് നിങ്ങള്‍': ബ്രഹ്മപുരം വിഷയത്തിന്‍റെ പേരില്‍ തുര്‍ച്ചയായ രണ്ടാം ദിവസവും നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് നിരാകരിച്ച സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സഭാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്‌മിഷനായി റോജിക്ക് ഈ വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞ് സ്‌പീക്കര്‍ അടുത്ത നടപടിയിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം പ്രകോപിതരായി നടുത്തളത്തിലിറങ്ങി.
പ്ലക്കാര്‍ഡുകളും ബാനറുകളും സ്‌പീക്കറുടെ മുഖം മറച്ചുപിടിച്ചതോടെയാണ് ആദ്യ പ്രകോപനം. ഇങ്ങനെ മുഖം മറച്ചുപിടിക്കരുതെന്ന് ആദ്യം ടിജെ വിനോദിനെ പേരുവിളിച്ച് സ്‌പീക്കര്‍ ശാസിച്ചു. പിന്നാലെ വെറും തുച്ഛമായ ഭൂരിപക്ഷത്തിനാണ് ജയിച്ചതെന്നും എല്ലാം ചാലക്കുടിയിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തവണ നിയമസഭയില്‍ വരേണ്ടതാണെന്നും സനീഷ്‌കുമാര്‍ ജോസഫിനോട് സ്‌പീക്കര്‍ പറഞ്ഞു. മുഖം മറയ്ക്കരുതെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ALSO READ| ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വിവാദം
വിന്‍സെന്‍റ്, റോജി എന്നീ പേരുകള്‍ ആവര്‍ത്തിച്ച് സ്‌പീക്കര്‍ വിളിച്ചു. ഇതൊക്കെ എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്‌പീക്കര്‍ ഓര്‍മിപ്പിച്ചു. ബാനര്‍ പിടിക്കുന്ന അളുകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി. എകെഎം അഷറഫിനെ ആവര്‍ത്തിച്ച് ശാസിച്ച സ്‌പീക്കര്‍, വെറുതെ നടപടി വാങ്ങിച്ചുവയ്‌ക്കേണ്ടെന്ന് ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങാന്‍ തയ്യാറായില്ല. ഇതിനിടെയാണ്, ഷാഫി ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തവണ തോല്‍ക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞത്.