തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി സർക്കാരിന് ബന്ധമില്ലെന്ന് ജനങ്ങളോട് പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി നിയമസഭ സമ്മേളനത്തിന് മുമ്പ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്‍റ് ഉപകരാർ നൽകിയ യുണിടാക്ക് കമ്പനിയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ എല്ലാ ഘട്ടത്തിലും ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചത് ലൈഫ് മിഷനാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇത് സംബന്ധിച്ച യോഗം നടന്നത്. ഇതിൻ്റെ മിനിട്‌സ് പോലും ഇല്ല എന്നാണ് പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും കാർമികത്വത്തിലാണ് കമ്മീഷൻ ഇടപാട് നടന്നത്. പദ്ധതിയിൽ 4.25 കോടി രൂപ കമ്മീഷൻ എന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവാണ്. ഇത് സംബന്ധിച്ച് അറിവുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കും നിയമമന്ത്രി എ.കെ ബാലനും പറയുന്നത്. സർക്കാരിന്‍റെ അറിവോടെയാണ് എല്ലാം നടന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. സർക്കാർ പദ്ധതിയിൽ തട്ടിപ്പ് നടന്നിട്ടും ആരെയും അറിയിക്കാതെ ധനമന്ത്രി ചെയ്‌തത് ഗുരുതരമായ തെറ്റാണ്. കോഴയ്ക്ക് സാക്ഷിയായി ധനമന്ത്രി അധഃപതിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
പദ്ധതിയുടെ ഫയലുകൾ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ പറ്റിക്കാനാണ്. ഈ പദ്ധതിയുടെ ധാരണാപത്രത്തിൻ്റ കോപ്പി ചോദിച്ചിട്ട് പ്രതിപക്ഷ നേതാവിന് നൽകാനുള്ള ജനാധിപത്യ മര്യാദപോലും ഇതുവരെ ചെയ്തിട്ടില്ല. ഇടതുമുന്നണിയിലെ കക്ഷികൾ പോലും സർക്കാരിനെ പിന്തുണയ്ക്കുന്നില്ല. ഇടത് വ്യതിയാനം സഹിക്കില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രൻ അഴിമതി വിവരങ്ങൾ പുറത്ത് വന്നിട്ടും ഒരക്ഷരം മിണ്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിൻ്റെ നീക്കത്തിനെതിരെയാണ് കോടതിയെ സമീപിച്ചത്. ടവർ ലൊക്കേഷൻ മാത്രം പരിശോധിച്ചാൽ മതിയെന്ന് കോടതിയിൽ പൊലീസ് മലക്കം മറിഞ്ഞു. അതോടെ തൻ്റെ ലക്ഷ്യം നേടി. തൻ്റെ വാദങ്ങൾ ഹൈക്കോടതി തള്ളിയെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.