തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ മുരളീധരൻ എംപിയും. അഞ്ച് ലക്ഷം കുട്ടികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണെന്ന് നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി നിലപാട് മാറ്റണം: ഉമ്മൻചാണ്ടി
പാവപ്പെട്ട വിദ്യാർഥികൾക്ക് പഠന സൗകര്യം നിഷേധിക്കുന്ന സർക്കാർ അനാസ്ഥ ഗുരുതരമാണെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാതെ നിരവധി കുട്ടികളാണ് വിവേചനം നേരിടുന്നത്. എംഎൽഎമാരിൽ നിന്നും വാങ്ങിയ നാല് കോടി രൂപയിൽ 50 ലക്ഷം രൂപ കുട്ടികളുടെ പഠനോപകരണങ്ങൾ വാങ്ങി നൽകാൻ വിനിയോഗിക്കണം. മുഖ്യമന്ത്രി ഇനിയെങ്കിലും നിലപാട് മാറ്റണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
വിദ്യാർഥികൾക്ക് മാനസിക പീഡനം: മുരളീധരൻ
അതേസമയം സ്‌കൂളുകൾ തുറക്കാമെന്ന സർക്കാർ നീക്കം എന്ത് അടിസ്ഥാനത്തിലാണെന്ന് കെ മുരളീധരൻ എംപി ചോദിച്ചു. ക്ലാസ് തുടങ്ങിയാൽ എത്ര കുട്ടികൾക്ക് വാക്‌സിൻ കൊടുക്കാൻ കഴിയും. കൊവിഡ് കൂടുമ്പോൾ എന്ത് ധൈര്യത്തിലാണ് സ്‌കൂളുകൾ തുറക്കാൻ പറയുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതു സംബന്ധിച്ച് വ്യക്തതയില്ല. അഞ്ചുലക്ഷം കുഞ്ഞുങ്ങളെ സർക്കാർ മാനസികമായി പീഡിപ്പിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
ALSO READ:മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ