തിരുവനന്തപുരം: പാലാ രൂപത മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്‍റെ ലൗവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാലാ രൂപതയുടെ പ്രസ്‌താവന അതിരുകടന്നതായിപ്പോയെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മ നിയന്ത്രണവും പാലിക്കണം. അനാവശ്യമായ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്‌പര്‍ധ വളര്‍ത്തും. വെല്ലുവിളികളെ ഒരുമിച്ചു നേരിടാന്‍ ആത്മീയ നേതൃത്വം വെളിച്ചം പകരണമെന്നും അല്ലാതെ കൂരിരിട്ടു പകര്‍ത്തുകയല്ല വേണ്ടതെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴെത്തട്ടിലേക്കു കൊണ്ടു പോയി ചെളിവാരിയെറിഞ്ഞ് കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്. സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ലിംഗമോ ഇല്ല. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ലെന്നും ഫേസ്ബുക്കില്‍ സതീശന്‍ പറഞ്ഞു.
സെപ്റ്റംബർ 8നാണ് കോട്ടയം കുറവിലങ്ങാട് പള്ളിയിൽ പ്രസംഗത്തിനിടെ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിവാദ പരാമർശം നടത്തിയത്. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ബിഷപ്പിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു.
Also Read: നാർകോട്ടിക് ജിഹാദ് പരാമർശം; കോട്ടയം താലൂക്ക് മഹല്ല് കമ്മിറ്റി എസ്‌പിക്ക് പരാതി നല്‍കി