തിരുവനന്തപുരം: ഗവര്‍ണർ ആരിഫ് മുഹമ്മദ്ഖാന് മുഖ്യമന്ത്രിയെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നതെന്നും സതീശൻ പറഞ്ഞു.
സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ ശരിവയ്ക്കുകയാണ് ഗവര്‍ണർ ചെയ്യുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം ഗവര്‍ണര്‍ കളങ്കപ്പെടുത്തുകയാണ്. ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യുന്നില്ല. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവര്‍ ആ സ്ഥാനത്തെ ബഹുമാനിക്കണം. ഇല്ലെങ്കിലും ഇനിയും വിമര്‍ശിക്കും. ഗവര്‍ണര്‍ക്ക് ഒരു സ്ഥിരതയും ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഡി - ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കണം. രാജ്ഭവനില്‍ നിന്ന് വാര്‍ത്ത ചോര്‍ത്തിക്കൊടുത്താല്‍ മാത്രം പോരാ. സര്‍ക്കാര്‍ ചെയ്‌ത തെറ്റ് തിരുത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം.
ALSO READ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചെന്ന് ഡോ. എന്‍ കെ അറോറ
ഇതിന് തയാറാകാതെ വായ സീല്‍ വെച്ചെന്ന ഗവര്‍ണറുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ല. പറയേണ്ട കാര്യങ്ങള്‍ ഗവര്‍ണർ പറയുന്നില്ല. മറ്റെല്ലാം പറയുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗവര്‍ണര്‍ ബിജെപിയുടെ നാവായി മാറുകയാണ്. തനിക്കെതിരെ ബിജെപി നേതാക്കള്‍ എഴുതി നല്‍കുന്നത് അതുപോലെ ഗവര്‍ണര്‍ വായിക്കുകയാണ്. പൂര്‍വാശ്രമമത്തില്‍ ചെയ്ത അതേകാര്യം തന്നെയാണ് ഗവര്‍ണര്‍ പദവിയില്‍ ഇരുന്നും അദ്ദേഹം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്താക്കി.