തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയ കെഎസ്ആർടിസി സമരത്തില്‍ ഇടപ്പെടാത്ത തിരുവനന്തപുരം ജില്ലാ കലക്‌ടർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മണിക്കൂറുകളോളം നഗരം നിശ്ചലമായിട്ടും തൊട്ടടുത്തുണ്ടായിരുന്ന കലക്‌ടർ എന്തുകൊണ്ടെത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഓർമിപ്പിക്കുന്നതാണ് പ്രശ്‌നത്തിൽ സർക്കാരിന്‍റെ നിഷ്ക്രിയത്വമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രിയോ ഗതാഗത മന്ത്രിയോ തലസ്ഥാനത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനോ എന്തുകൊണ്ട് സംഭവസ്ഥലം സന്ദർശിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
ആറ് മണിക്കൂർ അനങ്ങാതിരുന്ന കലക്‌ടറെ അന്വേഷണം ഏൽപ്പിച്ചിട്ട് എന്തു കാര്യമെന്ന് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എം.വിൻസെന്‍റ് എംഎല്‍എ ആരോപിച്ചു. ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന പോലെ ഉറങ്ങിക്കിടന്ന സര്‍ക്കാരിന് അനങ്ങാത്ത കലക്‌ടറെന്ന് വിൻസെന്‍റ് പരിഹസിച്ചു. ഒരു ഫോൺ കോൾ കൊണ്ട് തീരേണ്ട പ്രശ്നം ആറ് മണിക്കൂർ സമയമെടുത്തത് സർക്കാരിന്‍റെ നിഷ്ക്രിയത്വം കൊണ്ടാണെന്നും വിൻസെന്‍റ് ആരോപിച്ചു.