തിരുവനന്തപുരം: അമിതഭാരം കയറ്റിയ തടിലോറികൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സംസ്ഥാന വ്യാപകമായി സർവീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തൽ. അനുവദനീയമായതിന്‍റെ ഇരട്ടി ഭാരം വരെ കയറ്റിയാണ് ലോറികൾ ഓടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ വിജിലൻസ് ഇന്നലെ രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തല്‍.
അമിതഭാരം കയറ്റിയ ലോറിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി ഭാരം കുറച്ചുകാണിച്ച് ആനുപാതികമായി നാമമാത്രമായ ഫൈൻ ഈടാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ചെയ്യുന്നത്. പരിശോധനയിൽ 84 ലോറികളിൽ പെർമിറ്റിൽ പറഞ്ഞതിനേക്കാൾ 23 ടൺ വരെ അധികം ഭാരം കയറ്റിയിതായി കണ്ടെത്തി. ഇവയൊക്കെ ഡിം ലൈറ്റ് കത്തിയില്ല, മിറർ ഇല്ല തുടങ്ങിയ ചെറിയ കാരണങ്ങൾ കാണിച്ച് തുച്ഛമായ പിഴ ഈടാക്കി വിട്ടയച്ചതായും കണ്ടെത്തി.
കോട്ടയം ജില്ലയിൽ നിന്ന് 14 ലോറികളും കൊല്ലം ജില്ലയിൽ നിന്ന് 11 ലോറികളും ഇടുക്കി ജില്ലയിൽ നിന്ന് 10 ലോറികളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ മോട്ടോർ വാഹന വകുപ്പിന് കൈമാറുകയും 10 ലക്ഷത്തിലേറെ രൂപ പിഴയടപ്പിക്കുകയും ചെയ്‌തു. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്‌ടർ എം.ആർ അജിത് കുമാർ അറിയിച്ചു.