തിരുവനന്തപുരം : വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന സാഹചര്യത്തില്‍ ഹൗസ് ബോട്ടുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലെ ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളിലും പ്രവേശനാനുമതി.
ആലപ്പുഴയില്‍ ഉള്‍പ്പെടെ ഹൗസ് ബോട്ടുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് ഉണ്ടാക്കുന്ന ഓണ സീസണ്‍, ഹൗസ് ബോട്ട് മേഖലയേയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ടൂറിസം മേഖലയെ സഹായിക്കാൻ വിവിധ പദ്ധതികളുമായി സർക്കാർ
ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിക്കും ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുമ്പോള്‍ ഹൗസ് ബോട്ട് ജീവനക്കാര്‍ക്കും ശിക്കാരി വള്ളങ്ങളിലുള്ളവര്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി സഹകരിച്ച് 'ടൂറിസം വര്‍ക്കിങ് ക്യാപിറ്റല്‍ സ്‌കീം' എന്ന പേരില്‍ വായ്‌പാപദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് കേരള ബാങ്ക് വഴി 30,000 രൂപ വരെയുള്ള വായ്‌പ ലഭ്യമാക്കുന്ന 'ടൂറിസം എംപ്ലോയ്‌മെന്‍റ് സപ്പോര്‍ട്ടിങ് സ്‌കീമും' നടപ്പാക്കി.
കൊവിഡ് ആദ്യ തരംഗത്തോടെ തന്നെ ഈ രംഗത്തുള്ളവരുടെ സംരക്ഷണാര്‍ത്ഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ 'ടൂറിസം ഹൗസ് ബോട്ട് സപ്പോര്‍ട്ട് സ്‌കീം' നടപ്പാക്കിയിരുന്നു.
ഈ പദ്ധതി അനുസരിച്ച് 261 ഹൗസ് ബോട്ടുകള്‍ക്ക് സഹായധനമായി ഒരു കോടി അറുപത് ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചു. 'ഹൗസ് ബോട്ട് സപ്പോര്‍ട്ട് സ്‌കീം' ഈ വര്‍ഷവും തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എന്താണ് ബയോ ബബിള്‍ ?
ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവായവര്‍ക്കും പ്രവേശനം അനുവദിക്കാം. ജീവനക്കാരും ഒരു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. കൂടാതെ കൃത്യമായ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.