തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്‌ദ ചികിത്സയ്ക്കായി ഞായറാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. ചാർട്ടേഡ് വിമാനത്തിലാകും ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോവുക. എ ഐ സി സി നിർദേശത്തെ തുടർന്നാണ് ചികിത്സ ബെംഗളൂരുവിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി അദ്ദേഹമായും കുടുംബവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനമായത്. ഇതിനായി കോൺഗ്രസ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അണുബാധ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു. ഒരാഴ്‌ചയിൽ അധികം നീണ്ടുനിന്ന ചികിത്സയിലൂടെ ന്യുമോണിയ പൂർണമായി ഭേദമായതായി ഇന്നലെ ഡോക്‌ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു.
നിലവിൽ പനിയോ ശ്വാസ തടസമോ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ തുടർ ചികിത്സയ്‌ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ ബുദ്ധിമുട്ടില്ല എന്നായിരിന്നു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ ബോർഡ് അറിയിച്ചത്. ഇതുകൂടാതെ ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവരങ്ങൾ പരിശോധിക്കുവാൻ ആരോഗ്യ വകുപ്പ് നിയോഗിച്ച മെഡിക്കൽ ബോർഡും സമാനമായ നിർദേശമാണ് നൽകിയത്. ഇക്കാര്യത്തിലെ തുടർനടപടി ഉമ്മൻ ചാണ്ടിയുടെ കുടുംബം പരിശോധിച്ചു വരികയായിരുന്നു.
പാർട്ടി നേതൃത്വവുമായി ചർച്ചകൾ നടത്തിയാണ് ബെംഗളൂരുവിലേക്ക് മാറ്റാമെന്ന അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. നേരത്തെ കോൺഗ്രസ് നിർദേശത്തെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ ജർമനിയിലും തുടർന്ന് ബെംഗളൂരുവിലും ചികിത്സയ്ക്ക് കൊണ്ടുപോയത്. ഇതിനുശേഷം തിരുവനന്തപുരത്തെ വസതിയിൽ വിശ്രമിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
എന്നാൽ ഉമ്മൻചാണ്ടിക്ക് കുടുംബം തുടർ ചികിത്സ നൽകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അടക്കം 32 പേർ ഇത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകി. 2015ൽ രോഗ ബാധിതനായ ഉമ്മൻ ചാണ്ടിക്ക് ആവശ്യമായ ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മക്കളുമാണ് എന്നായിരുന്നു സഹോദരൻ അലക്‌സ് ചാണ്ടിയുടെ പരാതി. ഇതേ തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ നേരിട്ട് വിളിച്ച് ചികിത്സ വിവരങ്ങൾ ആരായുകയും എല്ലാ സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി ചാണ്ടി ഉമ്മൻ: ആരോഗ്യ മന്ത്രി വീണ ജോർജിനോട് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നേരിട്ട് എത്തി വിവരങ്ങൾ തിരക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു എന്ന ആരോപണങ്ങളെ മകൻ ചാണ്ടി ഉമ്മൻ നിഷേധിച്ചു. വ്യാജ പ്രചരണങ്ങളും വ്യാജ വാർത്തകളും പടച്ചുവിടുകയാണ് ചില കേന്ദ്രങ്ങൾ ചെയ്യുന്നത്. ഇതിനായി വ്യാജ രേഖകൾ വരെ നിർമ്മിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സകൾ സംബന്ധിച്ച് എല്ലാ രേഖകളും ആവശ്യം വരുമ്പോൾ പുറത്തു വിടുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.