തിരുവനന്തപുരം : സോളാർ കേസിൽ പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാരിനോട് പരിഭവമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാർ കേസിൽ ഒരിക്കലും ആശങ്കയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നു. തെളിവില്ലാതെ അന്വേഷണം നടത്തിയാൽ നീതിബോധമുള്ള ജനങ്ങൾ ചിന്തിക്കും. തുടർന്നും രാഷ്‌ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്‌ദുള്ളക്കുട്ടിക്ക് എതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.