തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവ സ്ഥിതിയിലേക്ക്. അണുബാധയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മാറിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻ ചാണ്ടിക്ക് ഓക്‌സിജൻ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ കഴിയുന്നുണ്ട്.
കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പ് രൂപീകരിച്ച ആറ് ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.
ന്യുമോണിയ പൂർണമായി ഭേദമായി. പനി, ശ്വാസംമുട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഇപ്പോഴില്ല. അതിനാൽ വിദഗ്‌ധ ചികിത്സയ്ക്ക് ബെംഗളൂരുവിലേക്ക് മാറ്റുന്ന കാര്യങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയേയും ബന്ധുക്കളെയും ഇക്കാര്യം ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബത്തിന്‍റെ അന്തിമ തീരുമാനത്തിന് ശേഷമാകും ആശുപത്രിയിൽ നിന്നും മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
എയർ ലിഫ്റ്റിങ് അടക്കമുള്ള സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ട്. രണ്ട് ഡോക്‌ടർമാരും രണ്ട് പാരാമെഡിക്കൽ ജീവനക്കാരുമാകും മറ്റ് ആശുപത്രിയിലേക്ക് ഉമ്മൻ ചാണ്ടിയെ മാറ്റുകയാണെങ്കിൽ ഒപ്പമുണ്ടാവുക. ഉമ്മൻ ചാണ്ടിക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ എഐസിസി തലത്തിലും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബെന്നി ബഹനാൻ എംപി ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാകും ബെംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
അർബുദവുമായി ബന്ധപ്പെട്ട ചികിത്സകൾ ബെംഗളൂരുവിൽ മതിയെന്ന നിലപാടാണ് കുടുംബം നേരത്തെ മുതൽ ആവർത്തിച്ചിരുന്നത്. നേരത്തെ ജർമനിയിലെ ചികിത്സയ്‌ക്ക് ശേഷമുള്ള തുടർ ചികിത്സകൾ ബെംഗളൂരുവിലാണ് നടത്തിയത്. അതുകൊണ്ടാണ് അവിടെ തന്നെ തുടർ ചികിത്സ മതിയെന്ന് കുടുംബം പറയുന്നത്.
നേരത്തെ കുടുംബം ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ സഹോദരനടക്കം 35 പേർ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കുടുംബവുമായി ബന്ധപ്പെടുകയും ചികിത്സയുടെ വിവരങ്ങൾ അരായുകയും ചെയ്‌തു. ഇതിനിടയിലാണ് ന്യൂമോണിയ ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യമന്ത്രി വീണ ജോർജിനെ നേരിട്ട് ആശുപത്രിയിലേക്ക് അയച്ച് ചികിത്സ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആശുപത്രി സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ആരോഗ്യവകുപ്പിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ ആശുപത്രിയിലുണ്ട്.