തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേണ്ട രീതിയില്‍ സഹകരിപ്പിച്ചില്ലെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തെ സഹകരിപ്പിച്ച് കുറച്ചു കൂടി മെച്ചപ്പെട്ട നിലയില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാമായിരുന്നു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി പിണറായി സർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചത്. സാലറി ചലഞ്ചിനെ കോണ്‍ഗ്രസ് അനുകൂലിച്ചിട്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ യാത്രക്കൂലി നിഷേധിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പാര്‍ട്ടി നേതാവായി മാറി. അതിഥി തൊഴിലാളികള്‍ക്ക് യാത്രാക്കൂലി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല. പകരം അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ബിജെപിയോടുള്ള എതിര്‍പ്പ് പോലും മുഖ്യമന്ത്രി മറക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിപിഎം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തെ യുഡിഎഫ് ഭയക്കുന്നില്ല. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ഇതിലും വലിയ പ്രചാരണം സിപിഎം നടത്തിയിട്ട് എന്തായെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് യുഡിഎഫിന് ഒരു ബുദ്ധിമുട്ടുമില്ലെന്നും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.