തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 31,173 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്‌ച 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല, പക്ഷേ, എല്ലാ മുന്‍കുതതലുകളും കര്‍ശനമായി നടപ്പാക്കും.
കൊവിഡ് 19 സാമ്പത്തിക മേഖലക്കേല്‍പ്പിച്ച ആഘാതം പരിഹരിക്കാന്‍ 20,000 കോടി രൂപയുടെ ഉത്തേജന പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കും. 20 രൂപക്ക് ഭക്ഷണം നല്‍കുന്ന 1,000 ഹോട്ടലുകള്‍ ഉടന്‍ ആരംഭിക്കും. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ മാസം വിതരണം ചെയ്യും. ക്ഷേമ പെന്‍ഷനില്ലാത്ത കുടുംബങ്ങള്‍ക്ക് 1,000 രൂപ വീതം നല്‍കും. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ വഴി 2,000 കോടി രൂപ വായ്‌പ നല്‍കും.
ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 2,000 കോടി രൂപ നല്‍കും. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ പിഴയില്ലാതെ അടക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും. ഓട്ടോ-ടാക്‌സികള്‍ക്ക് ഫിറ്റ്‌നസ് ചാര്‍ജ് ഇളവ് നല്‍കും. ഇവരുടെ നികുതി അടക്കുന്നത് സംബന്ധിച്ച ഇളവ് പരിശോധിക്കും. തീയറ്ററുകളുടെ വിനോദ നികുതിയില്‍ ഇളവ് അനുവദിച്ചു. സര്‍ക്കാര്‍ കൊടുക്കാനുള്ള എല്ലാ കുടിശികകളും എത്രയും വേഗം കൊടുത്തുതീര്‍ക്കും. സമ്പദ് ഘടനക്ക് വലിയ സഹായകമാകുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ എല്ലാ സൈനിക-അര്‍ധസൈനിക വിഭാഗങ്ങളും പൂര്‍ണ സഹകരണം വാഗ്‌ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.