തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ആഴ്‌ചകൾ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാർഥികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകാൻ ഒരുങ്ങി കേരള സർക്കാർ. 'വൺ മില്യൺ ഗോൾ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാന സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്‌ടറേറ്റും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം കായിക മന്ത്രി വി അബ്‌ദുറഹിമാന്‍ വാര്‍ത്താസമ്മേളത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി 10 മുതല്‍ 12 വയസ് വരെയുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഫുട്ബോൾ പരിശീലനം നൽകും. അടിസ്ഥാന പരിശീലനത്തിൽ മികവ് പുലർത്തുന്നവർക്ക് പ്രൊഫഷണൽ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നവംബർ 11 മുതൽ 10 ദിവസത്തേക്ക് 1000 കേന്ദ്രങ്ങളിലായാണ് 100 കുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുന്നത്.
'വൺ മില്യൺ ഗോൾ' അംബാസഡർമാരായി തെരഞ്ഞെടുക്കപ്പെട്ട മുൻ സന്തോഷ് ട്രോഫി താരങ്ങൾ ഓരോ ജില്ലയിലും പരിശീലനത്തിന് നേതൃത്വം നൽകും. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലഹരി വിരുദ്ധ കാമ്പയിനായ 'സേ നോ ടു ഡ്രഗ്‌സ്' എന്ന പരിപാടിക്കും വൺ മില്യൺ ഗോൾ പരിപാടിക്കൊപ്പം പരമാവധി പ്രചരണം നൽകും. തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.