തിരുവനന്തപുരം: അര്‍ഹരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണത്തിന് ബോണസും ആഘോഷ അലവന്‍സും നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഇത്തവണയും വിതരണം ചെയ്യും. എന്നാല്‍ ശമ്പള അഡ്വാന്‍സ് ഇത്തണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ നല്ലപോലെ കരുതിയ വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഇത് കണക്കിലെടുത്ത് അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ തീരുമാനിക്കും.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവ ബത്തയുമുണ്ടാകില്ലെന്ന് ധനമന്ത്രി നേരത്തേ സൂചന നല്‍കിയിരുന്നു. എന്നാല്‍, ഓണത്തിന് ജീവനക്കാരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തേണ്ടെന്നു കരുതിയാണ് ധനമന്ത്രി തീരുമാനം വേണ്ടെന്നു വച്ചതെന്നാണ് സൂചന.
ALSO READ: സാധനങ്ങൾ കിട്ടാനില്ല, ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ; പട്ടിണി സമരത്തിന് റേഷൻ വ്യാപാരികൾ