തിരുവനന്തപുരം: ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍. കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്‌ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തിലെത്തുന്നവര്‍ക്കാണ് നിര്‍ബന്ധിത ക്വാറന്‍റൈന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം. പോസിറ്റീവാകുന്നവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവര്‍ ഏഴു ദിവസം ഹോം ക്വാറന്‍റൈനില്‍ ഇരിക്കണം. 14 ദിവസമാണ് ആകെ നിരീക്ഷണ കാലാവധി. ഇതിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ചു ശതമാനം പേരെ റാന്‍ഡം പരിശോധനയ്ക്ക് വിധേയരാക്കും.
നിലവില്‍ ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്ത് ഒരിടത്തും സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും. അട്ടപ്പാടിയില്‍ ശിശുമരണം തടയാന്‍ ട്രൈബല്‍ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗം മെച്ചപ്പെടുത്തും. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read: Omicron: ഒമിക്രോൺ ഭീതിയിൽ സംസ്ഥാനം; വിമാനത്താവളങ്ങളിൽ കർശന പരിശോധന