തിരുവനന്തപുരം : ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഡിസംബര്‍ 30 മുതൽ ജനുവരി രണ്ട് വരെയാണ് കർഫ്യൂ.
ALSO READ: കെ റെയിൽ പദ്ധതിക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ എതിരല്ലെന്ന് കോടിയേരി
രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. കടകൾ 10 മണിക്ക് അടയ്ക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളില്‍ സീറ്റുകള്‍ അമ്പത് ശതമാനമായി തുടരണം.
വാക്‌സിനേഷൻ ഉടന്‍ പൂർത്തീകരിക്കണം
വലിയ ആൾക്കൂട്ടങ്ങൾക്ക് സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല കലക്‌ടർമാർ പൊലീസിൻ്റെ സഹായത്തോടെ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ വിന്യസിക്കും. അതേസമയം, സംസ്‌ഥാനത്ത് 98 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
കൊവിഡ് പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻ്റ് സോണുകളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. ഒമിക്രോൺ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായുസഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.
'കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജമാകുന്നു'
കേന്ദ്രസർക്കാർ കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍ നൽകാമെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും 60 വയസിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ അർഹരായവർക്ക് ജനുവരി മൂന്ന് മുതൽ വാക്‌സിന്‍ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതുണ്ട്.
എസ്.എസ്.എൽ.സി - പ്ലസ്‌ടു പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തും. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ വേണ്ട മരുന്നുകൾ, ബെഡുകൾ, സിറിഞ്ചുകൾ തുടങ്ങിയവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്.
ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക സീക്വൻസിങ്ങ് നടപ്പിലാക്കണം. ജനുവരി അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ച് ഓക്‌സിജന്‍ നിര്‍മാണ ശേഷിയുള്ള ആശുപത്രികളെല്ലാം ഉത്പാദനവും സംഭരണവും വർധിപ്പിക്കുന്നുവെന്ന് ജില്ല കലക്‌ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: Kerala Covid Updates | സംസ്ഥാനത്ത് 1636 പേര്‍ക്ക് കൂടി കൊവിഡ്; 23 മരണം