തിരുവനന്തപുരം: ഓഖി ദുരിതത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് സർക്കാർ നിർമിച്ചു നൽകിയ ഫ്ലാറ്റ് സമുച്ചത്തിൽ ജലവിതരണം മുടങ്ങിയിട്ട് മൂന്നാഴ്‌ച കഴിയുന്നു. വലിയതുറയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് കുടിവെള്ള പ്രതിസന്ധി നേരിടുന്നത്.
192 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അരുവിക്കര ഡാമിൽ നിന്നുള്ള ജലസേചന പദ്ധതിയിലൂടെയാണ് ഫ്ലാറ്റിലേക്ക് വെള്ളമെത്തുന്നത്. പൈപ്പ് വഴി ഫ്ളാറ്റ് സമുച്ചയത്തിൽ വെള്ളം എത്തുന്നുണ്ടെങ്കിലും രണ്ടാം നിലയിലെ ടാങ്കുകളിലേക്ക് വെള്ളം കയറുന്നില്ല.
പ്രശ്‌ന പരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലന്നാണ് ഇവരുടെ പരാതി. ജലവിതരണം താറുമാറായതോടെ മൂന്ന് കുടുംബങ്ങൾക്ക് ഫ്ലാറ്റ് വിട്ട് മറ്റ് താമസസൗകര്യം തേടേണ്ടി വന്നതായും ഇവർ പറയുന്നു.