തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടെം സ്പീക്കർ പി.ടി.എ റഹിമിനു മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. വള്ളികുന്നിൽ നിന്ന് വിജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ് കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടൻ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎം അംഗങ്ങളായ കോതമംഗലം എംഎല്‍എ ആന്‍റണി ജോൺ, അരൂർ എംഎല്‍എ ദലീമ ജോജോ, ആറൻമുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണ ജോർജ് എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വടകരയില്‍ നിന്നുള്ള ആർഎംപിഐ എംഎല്‍എ കെകെ രമ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. നാളെ നിയമസഭ സ്പീക്കറെ തെരഞ്ഞെടുക്കും. എം.ബി രാജേഷ് ആണ് എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി. പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്‍റെ സ്‌പീക്കർ സ്ഥാനാർഥി.