തിരുവനന്തപുരം : ലഹരി മരുന്നുമായി നഴ്‌സിങ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയിൽ. ചിറയിന്‍കീഴ് സ്വദേശികളായ പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. 200 നൈട്രോ സെപാം ഗുളികകൾ ഇവരിൽ നിന്നും കണ്ടെടുത്തു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി തിരുവനന്തപുരം ചാക്കയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണിത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ഇത്രയും മരുന്നുകള്‍ കൈവശം വച്ചത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് എക്‌സൈസ് ഇരുവരേയും കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ഇത്രയും ഗുളികകള്‍ എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണ് അറസ്‌റ്റിലായ ദമ്പതികള്‍.
Also read: ശനിയാഴ്‌ച പിടിച്ചത് രണ്ട് കോടിയുടെ കഞ്ചാവ്, തിങ്കളാഴ്‌ച കണ്ടെടുത്തത് 927 കിലോ
തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ എസ്എസ് ഷിജുവിന്‍റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. എക്‌സൈസ് ഇന്‍സ്‌പെക്‌ടർ കെ സാജു, പ്രിവന്‍റീവ് ഓഫിസര്‍ ബിജു കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്‌ണ പ്രസാദ്, അജിത്ത്, അല്‍ത്താഫ്,അഭിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സജീന എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.