തിരുവനന്തപുരം: കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്സിനെ ഡോക്ടര്‍ അധിക്ഷേപിച്ചതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഓലത്താന്നി ഗവൺമെന്‍റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ടിആര്‍ ആശയാണ് ഡ്യൂട്ടി ഡോക്ടറായ ലിനിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. രോഗിയുടെ ബിപി പരിശോധിക്കുന്നത് സംബന്ധിച്ച് ആശയും ഡോക്ടറും തമ്മില്‍ വാക് തർക്കമുണ്ടാകുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണ ആശയെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
അതേസമയം നഴ്സിന്‍റെ പരാതിയില്‍ കഴമ്പില്ലെന്നാണ് ഡോക്ടറുടെ വാദം. സുഖമില്ലെങ്കിൽ ലീവെടുത്ത് പോകാന്‍ മാത്രമാണ് താൻ പറഞ്ഞതെന്ന് ഡോ ലിനി പറഞ്ഞു. ആശുപത്രിയിൽ ജോലി തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കണ്ടാലറിയാവുന്ന നാലുപേർക്ക് എതിരെ ലിനി നെയ്യാറ്റിൻകര പോലീസിലും ഡിഎംഒയ്ക്കും പരാതി നൽകി.