തിരുവനന്തപുരം : നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ആരംഭിച്ച പ്രവാസി ഭദ്രതാ വായ്‌പ പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വ്യവസായ സംരംഭങ്ങള്‍ക്കായി വായ്‌പ തേടിയത് നാല് പേര്‍ മാത്രം. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ഏറ്റവും കൂടുതല്‍ പേര്‍ വായ്‌പകള്‍ തേടിയത് (Norka Roots Loan Sought more loans for small enterprises). മൂന്ന് വര്‍ഷത്തിനിടെ 8341 പേരാണ് ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്ക് വേണ്ടി വായ്‌പ തേടിയത്.
കൊവിഡിന് ശേഷം വിവിധ കാരണങ്ങള്‍ കൊണ്ട് നാട്ടിലെത്തിയ പ്രവാസികളില്‍ കൂടുതല്‍ പേരും ചെറുകിട തൊഴില്‍ സംരംഭങ്ങളിലേക്കാണ് തിരിഞ്ഞതെന്ന് നോര്‍ക്ക റൂട്ട്‌സിന്‍റെ പ്രവാസി ഭദ്രതാ വായ്‌പ കണക്ക് പ്രകാരം വ്യക്തമാകുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നാട്ടിലെത്തിയ പ്രവാസികളില്‍ നിന്നും 4090 പുതിയ അപേക്ഷകരാണ് ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചത്. നോര്‍ക്ക റൂട്ട്‌സിന്‍റെ കണക്കുകള്‍ പ്രകാരം 4020 പേരാണ് കുറഞ്ഞ വരുമാന പരിധിയില്‍ അവിദഗ്‌ധ തൊഴില്‍ മേഖലയിലേക്ക് വായ്‌പ തേടിയത്.
കുടുംബശ്രീ, കെ എസ് എഫ് ഇ, കേരള ബാങ്ക്, കെ എസ് ഐ ഡി സി മുഖാന്തരമാണ് പ്രവാസി ഭദ്രതാ വായ്‌പകള്‍ നല്‍കി വരുന്നത്. 2021 ല്‍ ആരംഭിച്ച പദ്ധതിയില്‍ കൂടുതല്‍ പേരും ഉപയോഗിച്ചത് കൊവിഡ് മഹാമാരിക്ക് ശേഷമാണ്. 2021 - 22 ല്‍ അവിദഗ്‌ധ തൊഴില്‍ മേഖലയില്‍ 3081 പേരും ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്കായി 1927 പേരും വ്യവസായ സംരംഭങ്ങള്‍ക്കായി നാല് പേരുമാണ് വായ്‌പ തേടിയത്. 2022 - 23 കാലയളവില്‍ അവിദഗ്‌ധ തൊഴില്‍ മേഖലയില്‍ 939 പേരും ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്ക് 6011 പേരുമാണ് പദ്ധതിയില്‍ നിന്നും വായ്‌പ തേടിയത്.
അവിദഗ്‌ധ തൊഴില്‍ മേഖലയില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്കുള്ള പ്രവാസി ഭദ്രതാ പേള്‍ വായ്‌പ കുടുംബശ്രീകള്‍ വഴിയാണ് ലഭ്യമാക്കുന്നത്. അപേക്ഷകന് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വായ്‌പ ലഭിക്കുക. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പ്രവാസി ഭദ്രതാ മൈക്രോ വായ്‌പ കെ എസ് എഫ് ഇ യും കേരള ബാങ്കും മുഖേനയാണ് ലഭ്യമാക്കുന്നത്. നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കുന്ന 1 ലക്ഷം രൂപ മൂലധന സബ്‌സിഡി, പലിശ സബ്‌സിഡിയോട് കൂടി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്‌പ ലഭിക്കുക.
വ്യവസായ സംരംഭങ്ങള്‍ക്കായുള്ള പ്രവാസി ഭദ്രതാ മെഗാ വായ്‌പ കെ എസ് ഐ ഡി സി മുഖാന്തരമാണ് ലഭ്യമാക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്‍റെ 3.5 പലിശ സബ്‌സിഡിയില്‍ അപേക്ഷകന് പരമാവധി രണ്ട് കോടി രൂപ വരെ ലഭിക്കുന്നതാണ് വായ്‌പ. പദ്ധതി പ്രകാരം 14,100 ലധികം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഇതിനോടകം ആരംഭിച്ചതായാണ് സര്‍ക്കാര്‍ കണക്ക്.