സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. ഏപ്രില്‍ നാല് വരെ പത്രികകള്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷമ പരിശോധന ഏപ്രില്‍ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്.
സ്ഥാനാർഥിയടക്കം അഞ്ചു പേര്‍ക്ക് മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിയുടെ ഓഫീസിലേക്കു പ്രവേശിക്കാനാകൂ. ഒരു സ്ഥാനാർഥിക്ക് പരമാവധി നാലു സെറ്റ് നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്ഐആർ അടക്കമുള്ള പൂർണ വിവരങ്ങളും അതില്‍ പരാമർശിക്കണം.
പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ക്രിമിനൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ സ്ഥാനാർഥികൾ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചില ജില്ലകളിൽ ഇന്നലെ ആരംഭിച്ചു. വോട്ടിങ് യന്ത്രം തരംതിരിക്കൽ അടുത്തയാഴ്ച ആരംഭിക്കും.