തിരുവനന്തപുരം: തലസ്ഥാന നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മേയര്‍ കെ. ശ്രീകുമാര്‍. സ്ഥിതി നിയന്ത്രാധീതമാണെന്നും നഗരത്തില്‍ സമൂഹവ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം ഗൗരവമുള്ളതാണ്. സമ്പർക്കം മൂലം രോഗബാധിതരായ അഞ്ച് പേരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് വന്നതിന് ശേഷം ആവശ്യമെങ്കില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവില്‍ എട്ട് കണ്ടെയ്ന്‍മെന്‍റ് സോണുകളാണ് നഗരത്തിലുള്ളത്. അവിടെയെല്ലാം അണുനശീകരണം നടത്തും.
പ്രധാന മാർക്കറ്റുകളായ ചാല, പാളയം എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളുണ്ട്. ഇത് സംബന്ധിച്ച് വ്യാപാരികൾ ഉയർത്തിയ എതിർപ്പുകൾക്ക് അടിസ്ഥാനമില്ല. രോഗവ്യാപനം തടയുകയാണ് പ്രധാനമെന്നും ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടാല്‍ കൂടുതൽ മാർക്കറ്റുകൾ അടച്ചിടുമെന്നും മേയർ അറിയിച്ചു.