തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം സംഘർഷത്തിലേക്ക് മാറിയതോടെ അതീവ ജാഗ്രതയിൽ പൊലീസ്. സ്‌പെഷൽ ഓഫിസറായി നിയമിച്ച ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തും. നിഷാന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഴിഞ്ഞം പൊലീസ് സ്റ്റേഷനും മറ്റ് സംഘർഷസ്ഥലങ്ങളും സന്ദർശിക്കും.
അതീവ ജാഗ്രത തുടരണമെന്ന നിർദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഘർഷങ്ങളുടെ പേരിൽ 3000 പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. അറസ്റ്റ് ചെയ്‌ത് കൂടുതൽ സംഘർഷ സാധ്യതയുണ്ടാകേണ്ടെന്ന നിലപാടിലാണ് പൊലീസ്.
ഇതുകൂടാതെ ഹിന്ദു ഐക്യവേദി ഇന്ന് നിശ്ചയിച്ചിരുന്ന മാർച്ചിനും പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശശികലയുടെ നേതൃത്വത്തിൽ മാർച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദി നിശ്ചയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നടത്തേണ്ടിയുരുന്ന മാർച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹിന്ദു ഐക്യവേദിക്ക് നോട്ടീസ് നൽകി.
മാർച്ച് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് മുന്നറിയിപ്പുമായാണ് നോട്ടീസ്. പ്രകോപനപരമായ പ്രസംഗം മുദ്രാവാക്യം എന്നിവ പാടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയാണ് പൊലീസ് വിഴിഞ്ഞത്ത് പ്രവർത്തിക്കുന്നത്. 600 പൊലീസുകാരെ അധികമായി വിഴിഞ്ഞത്ത് വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.