തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിവിധ ജില്ലകളിലായി 3,313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രിയിലുമാണുള്ളത്. കൊവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രായമായവരുടെ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയ കുടുംബവുമായി സമ്പർക്കം പുലർത്തിയ 969 പേരെ കണ്ടെത്തി. ഇതിൽ 129 പേർ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരിൽ 13 ശതമാനം പേർ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. കൊച്ചിയിൽ ചികിത്സയിലുള്ള കുടുംബവുമായി സമ്പർക്കം പുലർത്തിയ 131 പേരെയും കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. പരിശോധനക്കയച്ച 1179 സാമ്പിളുകളില്‍ 879 പേരുടേയും സാമ്പിളുകള്‍ നെഗറ്റീവാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സാമ്പിള്‍ പരിശോധന ആരംഭിച്ചതായും മന്ത്രി അറിയിച്ചു.