തിരുവനന്തപുരം : മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. നിയമസഭയിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത സംഘടിതവും ആസൂത്രിതവുമാണെന്ന തോന്നലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭ ടിവി വഴി നൽകാത്തതിനെയും സ്പീക്കർ ന്യായീകരിച്ചു.
ഭരണപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും നൽകിയിട്ടില്ലല്ലോയെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. സഭയ്ക്കുള്ളിലെ പ്രതിഷേധം മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയത് ചട്ടവിരുദ്ധമാണ്. വിഷയം ഗൗരവമായി കാണുമെന്നും സഭാംഗങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ എന്ന നിലയിലോ സാമാജികൻ എന്ന നിലയിലോ ഉള്ള സവിശേഷ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതിന് കൂട്ടുനിൽക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
താൽക്കാലിക പ്രശ്നത്തെ മാധ്യമവിലക്കെന്ന് പ്രചരിപ്പിച്ചത് ശരിയായില്ല. പ്രശ്നം പരിഹരിച്ചിട്ടും വാർത്ത നൽകുന്നത് തുടർന്നു. ഇതുവരെ ഇല്ലാത്തതുപോലെ ക്യാമറകൾക്ക് എല്ലായിടത്തും പ്രവേശനം അനുവദിച്ചില്ലെന്ന് പ്രചരിപ്പിച്ചത് ദുരൂഹമാണ്. ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കണമെന്ന് പൊതുവിൽ നിർദേശം നൽകിയിരുന്നു.
മുഖപരിചയത്തിന്‍റെ പേരിൽ ചിലരെ കടത്തിവിട്ടതുകൊണ്ടാണ് ചില അപകടങ്ങളൊക്കെ ഉണ്ടായത്. ഇനി അത് ഉണ്ടാകാതിരിക്കാനാണ് സുരക്ഷ കർശനമാക്കിയത്. പാസുള്ള മാധ്യമപ്രവർത്തകർക്ക് നിയമസഭയിൽ പ്രവേശനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ദൃശ്യങ്ങളും നൽകാനാവില്ല : നിയമസഭയിലെ എല്ലാ ദൃശ്യങ്ങളും കാണിക്കാൻ മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തിയാൽ ഒരു സ്പീക്കർക്കും വഴങ്ങാനാവില്ലെന്ന് എം ബി രാജേഷ് വ്യക്തമാക്കി. അതത് സമയം സംസാരിക്കുന്നവർക്ക് നേരെ ക്യാമറ തിരിയുന്ന തരത്തിലുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് സഭയുടേത്.
ചോദ്യോത്തരവേള നടന്ന അഞ്ചുമിനിട്ടിൽ സ്‌പീക്കറും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മാത്രമാണ് സംസാരിച്ചത്. ആ ദൃശ്യങ്ങൾ മാത്രമേ അപ്പോൾ കാണിക്കാനാകൂ. പാർലമെന്‍റിലെ മാതൃകയിലാണ് സഭ ടിവി. സഭയിലെ നടപടിക്രമങ്ങൾ കാണിക്കാനാണ് സഭ ടിവിയെന്നും എംബി രാജേഷ് പറഞ്ഞു.