തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതിയില്‍ ആശ്വാസം. പരിശോധനക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവായി. 365 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്‌ക്ക് അയച്ചത്. (Nipah Case In Kozhikode) നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റെ ആരോഗ്യ നില തൃപ്‌തികരം. ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം നിപ ബാധിതരുമായുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് ഐസോലേഷനില്‍ പ്രവേശിച്ച 66 പേരെ ഇന്ന് (സെപ്‌റ്റംബര്‍ 22) സമ്പര്‍ക്ക പട്ടികയില്‍ നിന്നും ഒഴിവാക്കി.
പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനെ തുടർന്നാണ് 66 പേരെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്‍ഡക്‌സ് കേസിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റ് ജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടുതല്‍ ട്രൂനാറ്റ് പരിശോധന സംവിധാനമൊരുക്കും: സംസ്ഥാനത്തെ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധന സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു (Health Minister Veena George About Nipah). ഐസിഎംആര്‍ മാനദണ്ഡ പ്രകാരം എസ്ഒപി തയ്യാറാക്കും. മുഴുവന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരോടും അതത് ജില്ലയിലെ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി.
എസ്ഒപി ലഭിക്കുന്ന മുറയ്ക്ക് മുന്‍ഗണന ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ (Kozhikode Medical College) ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കി. നിപ പ്രതിരോധത്തിന്‍റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍.
പുതിയ കേസുകളില്ലാത്തത് ഇളവുകള്‍ക്ക് സാധ്യത: കഴിഞ്ഞ ദിവസങ്ങളിലായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ നിലവിലെ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിപ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകള്‍ അടച്ച് പൂട്ടിയിരുന്നു. നിയന്ത്രണങ്ങളോടെ അവ തുറന്ന് പ്രവര്‍ത്തിക്കാനും സാധ്യതയേറെയാണ്. കേരളത്തിലെ മറ്റ് ജില്ലകളില്‍ സ്‌കൂള്‍ അടച്ചിട്ടാത്ത സാഹചര്യം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര പ്രയോജനകരമല്ലെന്നും ആരോപണങ്ങളുണ്ട്. നിപ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ വടകരയെ കണ്ടെയ്‌മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിപ പുതിയ കേസുകളില്ലെങ്കിലും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സമയമത്രയും നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും.
also read: No New Nipah Cases നിപ ഭീതി അകലുന്നു; നാലു ദിവസമായി പോസിറ്റീവ് കേസുകളില്ലെന്ന് മന്ത്രി വീണ ജോർജ്