തിരുവനന്തപുരം: സംസ്ഥാന ഒബിസി പട്ടികയിൽ ഒമ്പത് സമുദായങ്ങളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. കുരുക്കൾ/ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നീ സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി ഒബിസി പട്ടിക വിപുലീകരിക്കാനാണ് മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയിൽ തീരുമാനമായത്.
ഈ വർഷം ഫെബ്രുവരിയിൽ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ചിൽ (എസ്‌ഐയുസി) ഉള്ളവർ ഒഴികെയുള്ള സംസ്ഥാനത്തെ ക്രിസ്‌ത്യൻ നാടാർ സമുദായത്തെ സംസ്ഥാന സർക്കാർ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനയുടെ 127-ാം ഭേദഗതി പാർലമെന്‍റ് പാസാക്കിയതോടെ പിന്നാക്ക സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിച്ചു. ഇതിനെ തുടർന്നാണ് പുതിയ നടപടി.
കൊല്ലം, തൃശൂർ, കണ്ണൂർ റൂറൽ പൊലീസ് ജില്ലകളിൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്‌മെന്‍റുകൾ രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി മൂന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിവൈഎസ്‌പി) തസ്‌തികകൾ കൂടി സൃഷ്‌ടിക്കും.
മലബാർ കാൻസർ സെന്‍ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ 'മലബാർ കാൻസർ സെന്‍റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്)' എന്ന പേരിലേക്ക് മാറും.