തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്‌തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി -പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതോടെ ആദ്യ ഘട്ട പുതിയ പാഠപുസ്‌തകങ്ങൾ 2024-25 അക്കാദമിക വർഷം വിതരണം ചെയ്യും.
എന്നെത്തും പുതിയ പുസ്‌തകങ്ങള്‍ : പ്രീ സ്കൂൾ, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകള്‍ക്ക് 2024-25 അക്കാദമിക വർഷവും, രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകള്‍ക്ക് 2025-26 അക്കാദമിക വർഷവും പുതിയ പാഠപുസ്‌തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അധ്യയനം നടക്കുക. ഈ മാസം 31 ന് പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും.
തുടര്‍ന്ന് മാർച്ച് 31ന് കരിക്കുലം ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കും. ഏപ്രിൽ മാസത്തോടുകൂടി പാഠപുസ്‌തക രചന ആരംഭിക്കും. ഇതുപ്രകാരം ആദ്യഘട്ട പാഠപുസ്‌തക രചന ഈ വർഷം ഒക്‌ടോബർ 31 നകം പൂർത്തിയാക്കും. സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
എല്ലാരുടെയും 'പുസ്‌തകം': വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് കേരള സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നതിനാല്‍ 2007 ന് ശേഷം സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേരള സർക്കാർ ഉദ്ദേശിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രീ സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സർക്കാർ തയാറെടുക്കുന്നത്.
എല്ലാവര്‍ക്കും അഭിപ്രായം പറയാം: പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ആധാരമായ നിലപാട് രേഖകൾ തയ്യാറാക്കുന്നതിലും ജനങ്ങളുടെ അഭിപ്രായം സർക്കാർ സ്വീകരിച്ചു. ഇതിനായി 26 മേഖലകളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയാറാക്കിയ ജനകീയ ചർച്ചയ്ക്കുള്ള കുറിപ്പ് പ്രസിദ്ധീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു.
പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി തന്നെ നേരിട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും കോർപറേഷൻ മേയർമാരുടെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രഡിഡന്‍റുമാരുടെയും മുനിസിപ്പൽ ചെയർമാൻമാരുടെയും ജില്ല കലക്ടർമാരുടെയും യോഗം ഓൺലൈൻ ആയി വിളിച്ചുചേർത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഇടതടവില്ലാതെ ചര്‍ച്ചകള്‍ : ഇതിനായി സ്‌കൂൾതലം മുതൽ ജില്ലാതലം വരെ വിപുലമായ ജനകീയ ചർച്ചകളാണ് സംഘടിപ്പിച്ചത്. സ്‌കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിൽ ഇതിനായി സംഘാടകസമിതികൾ രൂപീകരിക്കുകയും അവയുടെ നേതൃത്വത്തിൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂൾ തലത്തിൽ നടന്ന ജനകീയ ചർച്ചകൾക്ക് ശേഷം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിലും ജനകീയ ചർച്ചകൾ നടന്നു. തുടർന്ന് ബ്ലോക്ക്, ജില്ല തലങ്ങളിലും പാഠ്യപദ്ധതി ജനകീയ ചർച്ചകൾ സംഘടിപ്പിച്ചു.
കുട്ടികളുടെ 'സ്വന്തം' പുസ്‌തകം : ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞുകൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി 2022 നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചർച്ച സംഘടിപ്പിച്ചു. പരിഷ്‌കരണ ചർച്ചയെ കുട്ടികൾ ആവേശപൂർവം ഏറ്റെടുത്തുവെന്നും കുട്ടികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
മാത്രമല്ല ജനകീയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത നിരവധിപ്പേർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ടെക് പ്ലാറ്റ്‌ഫോം ഒരുക്കിയിരുന്നു. ലോകത്തിന്‍റെ ഏത് കോണിൽ നിന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തെ സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കിയത്.
തെറ്റിധാരണ വേണ്ട: പൊതുസമൂഹത്തിന്‍റെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് തയാറാക്കിയ ചർച്ചാ കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്‌തകത്തിലെ ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർ നയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ജീവൻബാബു.കെ ഐഎഎസ്, എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ജയപ്രകാശ് ആർ.കെ, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസി തലവന്മാർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.