തിരുവനന്തപുരം: കടലാക്രമണത്തെ തുടര്‍ന്ന് തകർന്ന ശംഖുമുഖം തീരത്തിൻ്റെ സംരക്ഷണത്തിന് പുതിയ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് സംബന്ധിച്ച് ഉന്നതല ചര്‍ച്ച നടത്തുമെന്നും ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രദേശം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിൻ്റെ നിലവിലുള്ള നാല് കോടിയുടെ പദ്ധതി കൂടാതെയാണ് പുതിയ പദ്ധതി. കരിങ്കല്ലിൻ്റെ ക്ഷാമമാണ് കടൽഭിത്തി നിർമാണത്തിന് തടസമാകുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ഉടന്‍ തന്നെ കൂടികാഴ്‌ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിര്‍ത്തിവെച്ചിരുന്നു. പ്രദേശവാസികളുമായും ഇടവക വികാരിയുമായും മന്ത്രിയും ഉദ്യോഗസ്ഥരും ചർച്ച നടത്തി. ശംഖുമുഖം ബീച്ചിൻ്റെ സംരക്ഷണ ഭിത്തി പൂർണമായും തകർന്നു. ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള പ്രധാന റോഡിൻ്റെ വശങ്ങളും കടലാക്രമണത്തിൽ ഇടിഞ്ഞുതാണു. ഇതോടെ ഇവിടെ റോഡ് അടച്ച് ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുകയാണ്.