തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴ ജില്ലയിലാണ് ഇവര്‍. തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്.
ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും വന്നവരാണ്. തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നവരാണ്. മലപ്പുറത്ത് 6 പേരും യുഎഇയില്‍ നിന്നും വന്നതാണ്.
ALSO READ:COVID-19: രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ ഇന്ന് മുതല്‍; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. 139 പേരാണ് നിലവിൽ കൊവിഡ് വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്.