തിരുവനന്തപുരം: കേരളത്തിന്‍റെ ശ്വാന സേനയ്ക്ക് കരുത്ത് പകരാൻ പുതിയ അംഗങ്ങള്‍ എത്തി. ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ച ബെൽജിയം മലിനോയ്‌സ് വിഭാഗത്തില്‍പ്പെട്ട നായ്ക്കുട്ടികള്‍ ഉള്‍പ്പടെ 20 നായ്ക്കുട്ടികളാണ് പുതിയതായി കേരളാ പൊലീസിന്‍റെ ശ്വാന സേനയായ കെ 9 സ്ക്വാഡിന്‍റെ ഭാഗമായിരിക്കുന്നത്. ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളിൽപെട്ടവയാണ് മറ്റുള്ളവ. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ അംഗങ്ങളെ സേനയിലേക്ക് സ്വീകരിച്ചു.
രക്ഷാപ്രവർത്തനത്തിനും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്‌നിഫർ വിഭാഗത്തിലുള്ള നായ്ക്കുട്ടികൾക്ക് പരിശീലനം നൽകും. മയക്ക് മരുന്ന് കണ്ടെത്തുക, പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുക തുടങ്ങിയ തരത്തിലുള്ള പരിശീലനവും നായ്ക്കുട്ടികള്‍ക്ക് നല്‍കും. അതേ സമയം സേവന കാലവധി പൂർത്തിയാക്കിയ സേനയിലെ 12 നായകള്‍ വിരമിച്ചു. മികച്ച സേവനം കാഴ്‌ചവച്ച ഇവയെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. ഇവക്കായി തൃശൂരിലെ കേരളാ പൊലീസ് അക്കാദമിയിൽ റിട്ടയർമെന്‍റ് ഹോമും ഒരുക്കിയിട്ടുണ്ട്. 'വിശ്രാന്തി' എന്ന് പേരിട്ട ഹോമിൽ നായകൾക്ക് കളിക്കാനായി പ്രത്യേക മുറി ഉൾപ്പെടയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.