തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യ വില പ്രാബല്യത്തിൽ വന്നു. 30 മുതൽ 40 രൂപ വരെ വർധനവാണ് മദ്യത്തിന്‍റെ വിലയിൽ ഉണ്ടാകുക. പുതുക്കിയ വില ബിവറേജസ് കോർപ്പറേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച അവധിയായിരുന്നതിനാലാണ് ഇന്നു മുതൽ വില വർധന നിലവിൽ വന്നത്.
കേരളത്തിൽ മദ്യം വിതരണം ചെയ്യുന്ന സ്വകാര്യ വിതരണക്കാർക്ക് നൽകുന്ന അടിസ്ഥാന വില വർധിപ്പിക്കുന്നതിനായാണ് ഇപ്പോൾ വില കൂട്ടുന്നത്. അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധനവാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായി നികുതിയും കൂടിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന് 30 രൂപ മുതൽ 40 രൂപയാണ് വർധിക്കുന്നത്. മദ്യത്തിന് 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബെവ്‌കോയ്‌ക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. വില വർധനവിന്‍റെ പശ്ചാത്തലത്തിൽ സർക്കാരിന് വർഷം 1000 കോടിയുടെ അധിക വരുമാനമാണ് ലഭിക്കുക.