തിരുവനന്തപുരം: ജില്ലാ റൂറൽ പരിധിയിൽ ഒരു ഡിവൈഎസ്‌പി ഓഫീസ് കൂടി രൂപീകൃതമായി. പുതുതായി രൂപീകരിച്ച കാട്ടാക്കട ഡിവൈഎസ്‌പി ഓഫീസിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫീസ് പരിധിയിലെ എട്ടു പൊലീസ് സ്‌റ്റേഷനുകളെ കോർത്തിണക്കി കൊണ്ടാണ് കാട്ടാക്കട ഡിവൈഎസ്‌പി ഓഫീസ് രൂപീകരിച്ചത്.
നെയ്യാറ്റിൻകര ഡിവൈഎസ്‌പി പരിധിയിൽ വരുന്ന ആര്യങ്കോട്, നരുവാമൂട് സ്‌റ്റേഷനുകളും നെടുമങ്ങാട് ഡിവൈഎസ്‌പി പരിധിയിൽ ഉണ്ടായിരുന്ന കാട്ടാക്കട, നെയ്യാർഡാം, ആര്യനാട്, വിളപ്പിൽ, മാറനല്ലൂർ, മലയിൻകീഴ് തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളും ആണ് ഇനി മുതൽ കാട്ടാക്കട സബ് ഡിവിഷന്‍റെ കീഴിൽ ഉണ്ടാവുക.
കാട്ടാക്കട സർക്കിൾ ഓഫീസിനെയാണ് നിലവിൽ ഡിവൈഎസ്‌പി ഓഫീസ് ആയി ഉയർത്തിയത്. ഡിവൈഎസ്പി ഓഫീസിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിൽകുമാർ, പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സനൽ കുമാർ, നെടുമങ്ങാട് ഡിവൈഎസ്‌പി ഉമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഷാജി കുമാറാണ് ആദ്യത്തെ കാട്ടാക്കട ഡിവൈഎസ്‌പി.