തിരുവനന്തപുരം : മൃഗശാലയിൽ ഹനുമാൻ കുരങ്ങുകൾ (Gray langur/Hanuman Monkey) വരുത്തിവച്ച പൊല്ലാപ്പുകൾ ചില്ലറയല്ല. കാഴ്‌ചക്കാർക്ക് കൗതുകമുണർത്താൻ വീണ്ടും രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ കൂടി തിരുവനന്തപുരം മൃഗശാലയിൽ (Trivandrum Zoo) എത്തിച്ചു. ഹരിയാന മൃഗശാലയിൽ (Haryana Zoo) നിന്നാണ് ഹനുമാൻ കുരങ്ങുകളെ തലസ്ഥാനത്തെത്തിച്ചത് (Trivandrum Zoo Gray langur).
മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് ഹനുമാൻ കുരങ്ങുകളെ എത്തിച്ചത്. പകരം രണ്ട് കഴുതപ്പുലികളെ (Hyenas) ഹരിയാന മൃഗശാലയിലേക്ക് നൽകി. ഇന്ന് (സെപ്‌റ്റംബര്‍ 16) പുലർച്ചയോടെയാണ് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്ത് എത്തിച്ചത്.
ഇവയെ പ്രത്യേക കൂട്ടിൽ ക്വാറന്‍റീനില്‍ പാർപ്പിച്ചിരിക്കുകയാണ്. ഒരാഴ്‌ചയോളം ക്വാറന്‍റീനിൽ പാർപ്പിച്ച ശേഷമാകും പൊതുജനങ്ങൾക്കായി തുറന്ന് കൂട്ടിൽ ഇവയെ വിടുകയുള്ളൂ. ഇവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങിയോ എന്നും മനസിലാക്കിയ ശേഷമായിരിക്കും കൂട്ടിലേക്ക് മാറ്റുന്നത്.
നേരത്തെ തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ (Tirupati Sri Venkateswara Zoo) നിന്നെത്തിച്ച ഹനുമാൻ കുരങ്ങുകളെ തുറന്നു കൂട്ടിലേക്ക് വിട്ടപ്പോൾ ഇവ മരച്ചില്ലകളിൽ കയറി കടന്നു കളഞ്ഞിരുന്നു. ഇതുണ്ടാക്കി വച്ച പൊല്ലാപ്പുകൾ ചില്ലറയല്ല. ഏറെ പണിപ്പെട്ടാണ് മൃഗശാല ജീവനക്കാർ വഴുതക്കാട് നിന്നും ഹനുമാൻ കുരങ്ങിനെ പിടികൂടിയത്.
പരീക്ഷണാർഥം തുറന്ന കൂട്ടിലേക്ക് മാറ്റുമ്പോഴായിരുന്നു ഹനുമാൻ കുരങ്ങ് മരച്ചില്ലകളിലൂടെ കയറി മൃഗശാല കോമ്പൗണ്ടിനുള്ളിൽ നിന്നും പുറത്തേക്ക് കടന്ന് കളഞ്ഞത്. പിന്നീട് എൽ എം എസ്, മസ്‌കറ്റ് ഹോട്ടൽ, സെൻട്രൽ ലൈബ്രറി എന്നിവിടങ്ങളിലെ മരങ്ങളിൽ തമ്പടിച്ച ഹനുമാൻ കുരങ്ങിനെ വഴുതക്കാട് ഒരു കെട്ടിടത്തിൽ നിന്നുമായിരുന്നു പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 13ന് വൈകുന്നേരം ആയിരുന്നു പരീക്ഷണാര്‍ഥം കൂട് തുറക്കുന്നതിനിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. തുടര്‍ന്ന് 23 ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇതിനെ പിടികൂടി കൂട്ടിലാക്കാന്‍ മൃഗശാല ജീവനക്കാര്‍ക്ക് കഴിഞ്ഞത്. പിന്നാലെ, ജൂലൈ അവസാന വാരം കേരളത്തിലേക്ക് എത്തിക്കാനിരുന്ന കുരങ്ങുകളെയാണ് ഇന്ന് മൃഗശാലയിലേക്ക് എത്തിച്ചത്.
ആദ്യം, ജൂലൈ അവസാനത്തോടെ ഇവയെ കേരളത്തിലേക്ക് എത്തിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഹരിയാനയില്‍ നിന്നും ട്രെയിനില്‍ ഇവയെ കേരളത്തിലേക്ക് എത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഓണത്തിന് മുന്‍പ് തന്നെ ഇവയെ എത്തിക്കാനും ശ്രമം നടന്നിരുന്നു.