തിരുവനന്തപുരം: പുതുതലമുറ ബി ടെക്, എം ടെക് കോഴ്‌സുകൾ ആരംഭിക്കാൻ മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എഞ്ചിനീയറിങ് കോളജുകളിലാണ് പുതുതലമുറ ബി ടെക് - എം ടെക് കോഴ്‌സുകൾ ആരംഭിക്കുക. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ എം ടെക് സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്, ബി ടെക് ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് കോഴ്‌സുകൾ അഡീഷണൽ ഡിവിഷനായും അനുവദിച്ചു.
പാലക്കാട് ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിങ് കോളജിൽ എം ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് ഡാറ്റ സയൻസ്, എം ടെക് ഇന്‍റർനെറ്റ് ഓഫ് തിങ്സ് എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്. തൃശ്ശൂർ ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിൽ എം ടെക് റോബോട്ടിക്‌സ് ആന്‍റ് ഓട്ടോമേഷൻ, എം ടെക് എൻജിനീയറിങ് ഡിസൈൻ കോഴ്‌സുകളും അഡിഷണൽ കോഴ്‌സായി ബി ടെക് സൈബർ ഫിസിക്കൽ സിസ്റ്റം, ബി ടെക് ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ കോഴ്‌സുകളും അനുവദിച്ചു.
എം ടെക് കോഴ്‌സുകൾക്ക് 18 സീറ്റുകളും ബി ടെക് കോഴ്‌സുകൾക്ക് 60 സീറ്റുകളും വീതമാണ് ഉണ്ടാവുക. അതേസമയം, പുതിയ കോഴ്‌സുകൾക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിക്കേണ്ടതില്ലെന്നും നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനും മന്ത്രിസഭ യോഗം വിലയിരുത്തി.
സംസ്ഥാനത്തെ സർക്കാർ - എയ്‌ഡഡ് ഹൈസ്‌കൂളുകളിൽ 639 താത്‌കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്‌തികകൾ സൃഷ്‌ടിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. മൂന്നും, നാലും ഡിവിഷനുകളുള്ള ഹൈസ്‌കൂളുകളിൽ തസ്‌തിക സൃഷ്‌ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനത്തിന് തീരുമാനമെടുത്തത്.
കണ്ണൂർ കാരക്കുണ്ട് ഡോൺബോസ്കോ സ്‌പീച്ച് ആന്‍റ് ഹിയറിങ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2014 - 15 വർഷം അനുവദിച്ച കൊമേഴ്‌സ് ബാച്ചിലേക്ക് പുതിയ ആറ് തസ്‌തികകൾ അനുവദിക്കും. എച്ച് എസ് എസ് റ്റി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം ആന്‍റ് കോമേഴ്‌സ് വിഭാഗങ്ങളിലായി മൂന്ന് തസ്‌തികകളും എച്ച് എസ് എസ് റ്റി വിഭാഗത്തിൽ കൊമേഴ്‌സ്, ഇക്കണോമിക്‌സ് ആന്‍റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ മൂന്ന് തസ്‌തികകളും സൃഷ്‌ടിക്കാൻ തീരുമാനമായി.
പുതിയ തസ്‌തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ ട്രെയിനിങ് നേടിയ അധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. തലശ്ശേരിയിൽ കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകും. കതിരൂർ പുല്ല്യോട്ട് 7.9 ഏക്കർ ഏക്കർ ഭൂമിയാണ് നൽകുക. നവകേരള സദസ്സ് നടക്കുന്ന മലപ്പുറം തിരൂരിലായിരുന്നു ഇന്ന് മന്ത്രിസഭ യോഗം നടന്നത്.