തിരുവനന്തപുരം : പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിനുമുന്‍പായി സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഔദ്യോഗിക വെബ് സൈറ്റായ www.ceo.kerala.gov.inല്‍ കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ ലഭ്യമാണ്.
താലൂക്ക്, വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ വില്ലേജ് ഓഫിസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാകും. ഇതുപരിശോധിച്ച് തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തുകയും ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഈ വര്‍ഷം നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ട് വരെ സമര്‍പ്പിക്കാവുന്നതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം.കൗള്‍ അറിയിച്ചു.
പുതുക്കിയ കരട് വോട്ടര്‍ പട്ടിക
സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍ | 2,71,62,290 |
ആകെ സ്‌ത്രീ വോട്ടര്‍മാര്‍ | 1,40,15,361 |
ആകെ പുരുഷ വോട്ടര്‍മാര്‍ | 1,31,46,670 |
പുതിയ വോട്ടര്‍മാര്‍ | 1,10,646 |
സംസ്ഥാനത്തെ ലിംഗ അനുപാതം | 1066 |
ആകെ ഭിന്ന ലിംഗ വോട്ടര്‍മാര്‍ | 259 |
കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല-മലപ്പുറം | 32,56,814 |
വോട്ടര്‍മാര്‍ കുറവുള്ള ജില്ല-വയനാട് | 6,16,980 |
കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല-മലപ്പുറം | 16,32,347 |
ആകെ പ്രവാസി വോട്ടര്‍മാര്‍ | 88,124 |
കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുള്ളത്. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ജനുവരി1, ഏപ്രില്‍1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യത തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നതെന്ന് പരിശോധിക്കും. അങ്ങനെ യോഗ്യരായവര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും.
2023 ജനുവരി 5ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് ഫോം 6, പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് ഫോം 6 എ, ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് 6 ബി, വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിരെയോ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയത് ഒഴിവാക്കുന്നതിനോ ഫോം 7, തെറ്റുതിരുത്തുന്നതിനോ മേല്‍വിലാസം മാറ്റുന്നതിനോ, കാര്‍ഡ് മാറ്റി ലഭിക്കുന്നതിനോ, ഭിന്ന ശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനോ ഫോം 8 എന്നിവ പ്രകാരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.