തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും ക്യാമ്പസ് ഡയറക്‌ടർ ശങ്കർ മോഹനിൽ നിന്ന് ജാതീയ വിവേചനം അനുഭവിക്കേണ്ടി വന്നു എന്ന പരാതി പരിശോധിക്കാൻ ഉന്നതല അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സംഭവത്തിൽ വസ്‌തുനിഷ്‌ഠമായ അന്വേഷണത്തിനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളെ പഠിക്കാൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് ഉന്നതതലങ്ങളിലുള്ള ആളുകളെ കൂടി ചേർത്ത് പുതിയൊരു കമ്മിഷനെ കൂടി നിയമിച്ചത്. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന ഡോ. ജയകുമാർ, മുൻ നിയമസഭ സെക്രട്ടറിയായിരുന്ന ഡോ.എൻ കെ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി.
അടൂർ ഗോപാലകൃഷ്‌ണന്‍റെ പരാമർശത്തെ അനുകൂലിക്കുന്നില്ല: രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പ്രശ്‌നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യത്തെ കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പരിശോധനയിൽ എല്ലാം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പഠനത്തിനായി വരുന്ന വിദ്യാർഥികൾ സമരം ചെയ്യില്ല എന്ന അടൂർ ഗോപാലകൃഷ്‌ണന്‍റെ പരാമർശത്തെ അനുകൂലിക്കുന്നില്ല.
സമരം സ്വാഭാവികം: വിദ്യാർഥികൾ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സമരത്തിന് വരുമെന്നും അത് അസ്വഭാവികതയല്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം എന്നുള്ളത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. നിക്ഷിപ്‌ത താത്‌പര്യങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ കുരുക്കുണ്ടാവുകയെന്നത് വിശാല സമൂഹത്തിൽ യോജിച്ച കാര്യമല്ലെന്നും ആ പ്രതിസന്ധികളെ അതിജീവിക്കാൻ നാം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബർ മാസമാണ് കോട്ടയത്തുള്ള കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം ആരോപിച്ച് വിദ്യാർഥികൾ സമരത്തിന് ഇറങ്ങിയത്. ക്യാമ്പസ് ഡയറക്‌ടർ ശങ്കർ മോഹൻ വിദ്യാർഥികളോടും ജീവനക്കാരോടും ജാതി വിവേചനം കാണിക്കുന്നുണ്ടെന്നും പരാതികൾ നൽകിയിട്ടും നടപടി എടുക്കാൻ ഗവൺമെന്‍റ് തയ്യാറായില്ല എന്നും പറഞ്ഞായിരുന്നു വിദ്യാർഥികളുടെ സമരം. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായ അടൂർ ഗോപാലകൃഷ്‌ണൻ ഡയറക്‌ടറെ സംരക്ഷിക്കുന്ന രീതിയിൽ ആയിരുന്നു നടപടികൾ എടുത്തത്. പഠിക്കാൻ വരുന്ന വിദ്യാർഥികൾ പഠിക്കുമെന്നും സമരം ചെയ്യില്ല എന്നുമാണ് അടൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെപ്പറ്റി അഭിപ്രായപ്പെട്ടത്.