തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പാവപ്പെട്ടവർക്ക് സൗജന്യമായി ലഭിച്ചിരുന്ന റേഡിയോ തെറാപ്പി (റേഡിയേഷൻ) ചികിത്സ മുടങ്ങിയിട്ടും ജീവനക്കാർ രണ്ടു വര്‍ഷമായി ജോലിയില്ലാതെ ശമ്പളം കൈപ്പറ്റുന്നതായി ആക്ഷേപം. റേഡിയോ തെറാപ്പി ചികിത്സ മുടങ്ങിയ വാര്‍ത്ത ഇടിവി ഭാരത് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റേഡിയേഷനായി ഉപയോഗിച്ചിരുന്ന മെഷിനുകള്‍ കാലഹരണപ്പെട്ടതോടെയാണ് ചികിത്സ മുടങ്ങിയത്. ഇതിനു പിന്നാലെയാണ് കൂടുതല്‍ കള്ളക്കളികള്‍ പുറത്തുവരുന്നത്.
Also read: Also read: ആയിരങ്ങൾക്ക് ആശ്വാസമായിരുന്നു: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ ചികിത്സ മുടങ്ങിയിട്ട് 2 വര്‍ഷം
വിശദീകരണം തേടി അധികൃതർ
മെഡിക്കൽ കോളജിലെ റേഡിയോ തെറാപ്പി യൂണിറ്റിലെ ഒരു റേഡിയോ ഗ്രാഫർ ദീർഘകാല അവധിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. അതിന്‍റെ നടപടി ക്രമത്തിന്‍റെ ഭാഗമായി 2020, 2021 വർഷങ്ങളിലെ ഹാജർ പുസ്തകം പരിശോധിച്ചപ്പോഴാണ് തിരിമറി പുറത്തായത്.
റേഡിയേഷന്‍ സാധ്യതയുള്ള ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് മാത്രം ലഭ്യമാക്കേണ്ട ഒരു മാസത്തെ അവധി, മെഷീന്‍ പ്രവര്‍ത്തിക്കാതിരുന്ന കാലയളവിലും ഇവര്‍ കരസ്ഥമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹാജർ പുസ്തകത്തിൽ കൃത്യമായി ഒപ്പ് രേഖപ്പെടുത്താത്തതിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ് മെഡിക്കല്‍ കോളജ് അധികൃതർ.
അവസാനമില്ലാത്ത ആക്ഷേപം
മെഡിക്കല്‍ കോളജിലെ തന്നെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പുതിയ മെഷീനുകള്‍ വന്നിട്ടും അതിനായി പുതിയ തസ്തികകള്‍ അനുവദിച്ചിട്ടില്ല. രണ്ട് വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്‍റുകളാണെങ്കിലും ഇവ രണ്ടും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു കീഴിലാണ്. ഒരേ യോഗ്യതയുള്ളവരാണ് ഈ രണ്ട് വിഭാഗങ്ങളിലും ജോലി ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടു ഡിപ്പാര്‍ട്ട്‌മെന്‍റുകളിലേക്കും ട്രാന്‍സ്‌ഫർ അനുവദനീയവുമാണ്.
കൊവിഡിന്‍റെ ഒന്നാം തരംഗ വേളയിൽ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് ജീവനക്കാരുടെ ദൗര്‍ലഭ്യം നേരിട്ടപ്പോൾ എന്‍എച്ച്എമ്മില്‍ നിന്നും ആളിനെ എടുത്തിട്ടും, ഒരു ജോലിയുമില്ലാതെ ഉയര്‍ന്ന പ്രതിമാസ ശമ്പളം പറ്റുന്ന റേഡിയോ തെറാപ്പി വിഭാഗത്തിലുള്ളവരെ അവിടേക്ക് നിയോഗിക്കാന്‍ അധികൃതർ തയ്യാറായില്ല.
അതേസമയം തെറാപ്പി വകുപ്പ് മേധാവി റേഡിയോ ഗ്രാഫര്‍മാരെ ഡയഗ്‌നോസിസ് വിഭാഗത്തിലേക്ക് നിയോഗിക്കാന്‍ തടസം നില്‍ക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. വലിയ തിരക്കു വന്നപ്പോള്‍ വ്യാപകമായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ഇവരെ ഡയഗ്‌നോസിസിലേക്ക് നിയോഗിച്ചിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോള്‍ മെഷീന്‍ റെഡിയാകുന്നുവെന്ന് പ്രചരിപ്പിച്ച് ഇവരെ വീണ്ടും തെറാപ്പിയിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു.
ആഴ്ചയില്‍ ഒരു ദിവസം എത്തിയാൽ ഏഴ് ദിവസത്തെ ഹാജര്‍
ആഴ്ചയില്‍ ഒരു ദിവസം വന്ന് ഏഴ് ദിവസത്തേയും ഹാജര്‍ രേഖപ്പെടുത്തുന്നതാണ് ഇവിടുത്തെ പതിവ്. എന്നാല്‍ ഡയഗ്‌നോസിസ് വിഭാഗത്തില്‍ വിവിധ ഇനങ്ങളിലായി 13 മെഷീനുകളും നാലിൽ അധികം പോര്‍ട്ടബിള്‍ മെഷീനുകളും ഒരേസമയം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
റേഡിയേഷന്‍ ഏല്‍ക്കുന്ന ജോലി ആയതിനാല്‍ ഒരു റേഡിയോ ഗ്രാഫര്‍ക്ക് അഞ്ച് മണിക്കൂര്‍ മാത്രമേ ഡ്യൂട്ടി ചെയ്യാന്‍ പാടുള്ളു. 41 റേഡിയോ ഗ്രാഫര്‍മാരില്‍ മൂന്ന് പേര്‍ റൊട്ടേഷന്‍ അനുസരിച്ച് ഒരു മാസത്തെ റേഡിയേഷന്‍ ലീവിലായിരിക്കും.
38 പേര്‍ മാത്രമാണ് എപ്പോഴും ഡ്യൂട്ടിക്ക് ലഭ്യമാകുക. ഇതിനു പുറമേ ഞായര്‍ ഡ്യൂട്ടി വരുന്നവര്‍ക്ക് ഒരു ദിവസം ഓഫ് നല്‍കുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ച് അവധിയില്‍ പോകുന്നവരുടേയും ഒഴിവുണ്ട്. ഡയഗ്‌നോസിസ് വിഭാഗത്തിലേക്ക് ഒഴിവുണ്ടായിട്ടും റേഡിയോ തെറാപ്പി വിഭാഗത്തില്‍ നിന്ന് ആളുകളെ നിയോഗിക്കുന്നില്ലെന്ന ആക്ഷേപത്തിനും പരിഹാരമായിട്ടില്ല.
Also read: ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്