തിരുവനന്തപുരം: നന്ദിയോട് ഗ്രാമപഞ്ചായത്തിൽ ജനജീവിതം ദുരിതത്തിലാക്കി മാലിന്യനിക്ഷേപം. നന്ദിയോട് പബ്ലിക്ക് മാർക്കറ്റിലാണ് മാലിന്യം കുന്നുകൂടി പ്രദേശവാസികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കൃഷിഭവൻ, മൃഗാശുപത്രി എന്നീ ഓഫിസുകളുടെ മുന്നിലാണ് മാലിന്യകൂമ്പാരം.
മൂക്ക് പൊത്തി നാട്ടുകാർ: ദിവസേന നൂറുകണക്കിന് ആൾക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നുപോകുന്നത്. ദുർഗന്ധം മൂലം ഇതിന്‍റെ പരിസരപ്രദേശങ്ങളിൽ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന പക്ഷിക്കൂട്ടങ്ങൾ മാലിന്യം ഭക്ഷിച്ച ശേഷം സമീപത്തുള്ള കിണറുകളിൽ അവശിഷ്‌ടം ഇടുന്നതിനാൽ സമീപവാസികൾക്ക് കിണറുകളിലെ ജലം കുടിക്കുവാൻ പറ്റാത്ത സഹചര്യമാണ് നിലവിലുള്ളത്.
അമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പൊതുവഴിയുടെ ഓരത്താണ് ഈ സ്ഥിതി. ചന്തയ്ക്കുള്ളിലെ കച്ചവട സ്ഥാപനങ്ങളിലെയും പുറത്തുള്ള സ്ഥാപനങ്ങളുടെയും പച്ചക്കറി ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുതള്ളുന്നത്. കൂടാതെ ചന്തയ്ക്കുള്ളിലെ പഞ്ചായത്ത് കുളം പായൽ പിടിച്ചും കാട് കയറിയും നാശിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു.
നടപടിയില്ലെന്ന് പരാതി: ജനങ്ങൾ കുടിക്കാൻ ഉപയോഗിച്ചിരുന്ന കുളമാണ് ഈ അവസ്ഥയിലായത്. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ചന്തയ്ക്കുള്ളിൽ ഇല്ലെന്നും മാലിന്യം കുന്നുകൂടി ദുർഗന്ധം വമിച്ചു തുടങ്ങിയിട്ടും നടപടി എടുക്കാതെ അധികൃതർ മൗനം പാലിക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
അതേസമയം പുറത്തുനിന്നുഉള്ളവരാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്നും ഒരു മാസം മുൻപ് മാലിന്യം മാറ്റിയതാണെന്നും നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശൈലജ രാജീവൻ പറഞ്ഞു. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും അവർ അറിയിച്ചു.