തിരുവനന്തപുരം: എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായിരിക്കെ ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക്. രണ്ടാഴ്‌ചക്കുള്ളിൽ ശരദ് പവാർ കേരളത്തിൽ എത്തുമെന്നാണ് വിവരം. കേരളത്തിൽ എത്തിയ ശേഷം നേതാക്കളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും മുന്നണി വിടുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.രാജ്യസഭാ എംപിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേലും പവാറിനൊപ്പം കേരളത്തിൽ എത്തും.
സംസ്ഥാന ഘടകത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ മുംബൈയിൽ പവാറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ഇടതു മുന്നണി ഔദ്യോഗികമായി അറിയിച്ചാൽ തീരുമാനം പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന് ശരദ് പവാർ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം കഴിയുന്നതുവരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് എംഎൽഎ മാണി സി. കാപ്പൻ ആവർത്തിച്ചു. പാലായിൽ മത്സരിക്കുമെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു.