തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നയനയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകളെക്കുറിച്ച് പൊലീസ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ദുരൂഹതയില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. നയനയുടെ മരണത്തില്‍ പുതിയ സംഘത്തിന്‍റെ അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പൊലീസിനെതിരെ കുടുംബത്തിന്‍റെ ആരോപണം.
2019-ല്‍ നയന മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ദുരൂഹതയൊന്നുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. നയന ഷുഗര്‍ രോഗിയായതിനാല്‍ ഇതാകാം മരണകാരണമെന്ന് കുടുംബവും വിശ്വസിച്ചെന്ന് നയനയുടെ സഹോദരങ്ങള്‍ പറഞ്ഞു. ഇത് കാരണം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചില്ലെന്നും സഹോദരങ്ങള്‍ അറിയിച്ചു.
2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടില്‍ നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തിനിപ്പുറം നയനയുടെ സുഹൃത്തുക്കള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് മരണത്തെക്കുറിച്ച് വീണ്ടും സംശയം ഉയര്‍ന്നത്. മരണപ്പെട്ട നയനയുടെ കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നും അടിവയറ്റില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍, ദുരൂഹമായ ഈ പരിക്കുകളെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ് അതിവേഗം കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ക്രൈം റിക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മിഷണര്‍ ജെ കെ ദിനിലിനാണ് പുതിയ അന്വേഷണ ചുമതല.
Also read: യുവസംവിധായിക നയന സൂര്യയുടെ മരണം; കൊലപാതകമെന്ന് സൂചന