തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.
ഓഡിറ്റർ ജനറലിന്‍റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. അവശ്യ സാഹചര്യത്തിൽ അല്ലാതെ നാളെ ആർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം.
കേരള സർവീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.
ഡയസ്‌നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളം പിടിക്കുന്നതിനാണ് ഡയസ്‌നോണ്‍ എന്ന് പറയുന്നത്.